അർത്ഥന
എന്റെ വികാരങ്ങൾ
സ്വപ്നങ്ങളിൽ ചാലിച്ച്...
ജീവിതമാം ക്യാൻവാസിൽ
ഞാൻ വരച്ച ചിത്രങ്ങൾ,
ഒളിമങ്ങിയ വരകളും കുറികളുമായ്
ചവുട്ടിയരയ്ക്കപ്പെട്ടു......
അചേതനങ്ങളായ്
തെരുവിൽ നിറഞ്ഞു....
ഉച്ചത്തിലുരുവിടാൻ കൊതിച്ച
സ്നേഹ മന്ത്രങ്ങൾ,
കണ്ഠ നാളത്തിലേ തടയപ്പെട്ടു ...
പുറത്തേക്ക് വമിച്ചെന്നാകിലോ,
പുറന്തള്ളപ്പെട്ടേനെ
എന്നെന്നേയ്ക്കുമായ്.....
മനസ്സിന്റെ തീരാത്ത
വീർപ്പുമുട്ടലുകൾ-
ഒരഗ്നിപർവ്വതമായ്
പുകഞ്ഞുകത്തുമ്പോൾ...
എന്റെ അന്തരംഗത്തിലേ-
ക്കെത്തിനോക്കിയ
കുളിർ തെന്നലേ....
നിന്നാർദ്രമാം കൈകളാലെന്നെ
തലോടുമ്പോൾ....
തീയും പുകയും ശമിക്കുന്നു...!!!
നിൻ സ്നേഹോഷ്മളമാം നിശ്വാസം,
പകരുന്നാത്മവിശ്വാസം...
ആർദ്രമാക്കുന്നെൻ,
ക്ഷീണിതമാം മിഴികളെ.....
ഹ്യദയത്തിൽനിന്നുത്ഭവിച്ച്,
നേത്രങ്ങളിലൂടെപ്പൊഴിഞ്ഞ,
സ്നേഹകണങ്ങൾ-
പിഞ്ഞിക്കീറിയൊരെൻ,
ജീവിതമാം ക്യാൻവാസിൽ
പതിഞ്ഞപ്പോൾ-
അചേതനങ്ങളായ് തെരുവിൽ,
ചവുട്ടിയരയ്ക്കപ്പെട്ട ചിത്രങ്ങൾ
മിഴി തുറന്നു....
ഉയിർത്തെണീറ്റു!!!
അതിൽ ഞാൻ കാണുന്നു,
നിൻ മുഖം...!!!
വികാരങ്ങൾ നടനമാടുന്നു...!!!
സ്വപ്നങ്ങളിൽ വികാരം
സ്ഫുരിക്കുന്നു...!!!
നീ....ഞാൻ തേടിയലഞ്ഞ,
അജ്ഞാത സത്യമോ??!!!
നിൻ തിളങ്ങുന്ന നേത്രങ്ങൾ,
വശ്യമാം പുഞ്ചിരി...
നിഷ്കളങ്കമാം സ്നേഹം...
ആനന്ദോന്മാദങ്ങളെന്നിൽ
നിറയ്ക്കുന്നു.....
ഈ ജീവിതയാത്രയിൽ
ഉണ്ടാവില്ലേ നീ...
എന്നെന്നുമെന്നോടൊപ്പം.......